Monday, September 12, 2022

White Room Torture എന്താണ് വൈറ്റ് റൂം ടോര്‍ച്ചര്‍

എന്താണ് വൈറ്റ് റൂം ടോര്‍ച്ചര്‍ White Room Torture 




സമാധാനത്തിന്റെയും , സന്തോഷത്തിന്റേയുമൊക്കെ പ്രതീകമായാണ് പൊതുവെ പറഞ്ഞുവെയ്ക്കുന്നത്. മറുവശത്ത് കറുത്ത നിറത്തിന് തിന്മയുടേയും , ഭീകരതയുടേയും, മരണത്തിന്റേയുമൊക്കെ പട്ടമാണ് ചാര്‍ത്തിക്കൊടുത്തിട്ടുള്ളത്. എന്നാല്‍ യാഥാര്‍ഥ്യം കുറച്ചു വ്യത്യസ്തമാണ്.

 വെളുത്തനിറത്തിലുള്ള ഭീകരത നമ്മള്‍ അറിയാത്തത് കൊണ്ടാണ് വെളുപ്പിനെ നന്മയുടെ നിറമാക്കി മാറ്റിയിരിക്കുന്നത്. വൈറ്റ് ടോര്‍ച്ചറിങ് റൂം എന്നൊരു സങ്കള്‍പ്പം തന്നെയുണ്ട്. സത്യത്തില്‍ ലോകത്തിലേക്ക് തന്നെ ഏറ്റവും ഭീകരമായ ഒരു ടോര്‍ച്ചറിങ് രീതിയാണിത്.വൈറ്റ് റൂം ടോര്‍ച്ചര്‍ എന്നത്  ഒറ്റപ്പെടലിലേക്കും , ഇന്ദ്രിയങ്ങള്‍ നശിക്കുന്നതിലേക്കും വഴിവെക്കാൻ കാരണമാകുമെന്ന് മനശാസ്ത്രജ്ഞര്‍  വിശദീകരിക്കുന്ന ഒരു പീഡന മുറയാണ് .

വളരെ പ്രാകൃതമായ, ക്രൂരമായ ശിക്ഷരീതിയാണ് വൈറ്റ് റൂം ടോര്‍ച്ചറിങ്. പണ്ടുകാലങ്ങളില്‍ കുറ്റാരോപിതരെ ഇത്തരം മുറികളില്‍ അടച്ചിടുമായിരുന്നു. കൂടുതലും പൊളിറ്റിക്കല്‍ വിഷയങ്ങളില്‍ പ്രതികളായവരും , ജേര്‍ണലിസ്റ്റുകളുമൊക്കെയാണ് ഈ ശിക്ഷ നേരിട്ടിരുന്നത്. ഇത്തരത്തില്‍ മുറിയില്‍ അടക്കുന്ന കുറ്റവാളി പിന്നീട് കടന്നു പോകുന്നതെല്ലാം വെള്ള നിറത്താല്‍ ചുറ്റപ്പെട്ട വസ്തുക്കളിലൂടെയാകും. കിടക്കയും , ആഹാരവും  ,മേശയും , കസേരയും ഉള്‍പ്പെടെ കഴിക്കുന്ന ഭക്ഷണം വരെ വെള്ള നിറത്തിലുള്ളതായിരിക്കും.വൈറ്റ് റൂം ടോര്‍ച്ചറിനായി ഉപയോഗിക്കുന്ന മുറിയുടെ പ്രത്യേകത മുറിയില്‍ വെള്ളയല്ലാതെ മറ്റൊരു നിറത്തിലുള്ള സാധനങ്ങളും ഉണ്ടാകില്ല എന്നതാണ്. 

വെളുത്ത കട്ടില്‍, വെളുത്ത ഫാന്‍, വെളുത്ത ലൈറ്റ്, വെളുത്ത കര്‍ട്ടന്‍ എന്നിങ്ങനെ ധരിക്കുന്ന വസ്ത്രം പോലും വെളുപ്പായിരിക്കും. ഒപ്പം ഭക്ഷണം ആയി നല്‍കുന്നതും വെളുത്ത ഭക്ഷ്യവസ്തുക്കള്‍ മാത്രമായിരിക്കും. വെളുത്ത ചോറ്, പാല്, മുട്ട, വെളുത്ത ബ്രഡ് പോലുള്ള ഭക്ഷണസാധനങ്ങളാണ് ഇങ്ങനെയുള്ള മുറികളില്‍ താമസിപ്പിക്കുന്നവര്‍ക്ക് കഴിക്കാനായി നല്‍കുക. ഈ മുറിയിലുള്ളവര്‍ കാണുന്നതും കഴിക്കുന്നതും എല്ലാം വെളുപ്പായിരിക്കും.

ഈ മുറികളില്‍ ജനാലകളുണ്ടാവില്ല. പുറത്തുനിന്നുള്ള ഒരു ശബ്ദം പോലും ഇവര്‍ക്ക് കേള്‍ക്കാനാകില്ല. എത്രകാലം ഇങ്ങനെ ഒരു മുറിയില്‍ അടച്ചിടും എന്നത് കുറ്റകൃത്യത്തിന്റെ കാഠിന്യം അനുസരിച്ചാണ്. ചിലപ്പോഴത് ആഴ്ചകളോളം നീളും. ചിലപ്പോള്‍ മാസങ്ങളും , വര്‍ഷങ്ങളും വരെ ഈ ശിക്ഷാരീതി നീണ്ടേക്കാം.ശബ്ദമോ , മറ്റുള്ളവരുമായുള്ള ഇടപെടലോ തടഞ്ഞുവെക്കുന്നതിലൂടെ ഒരു വ്യക്തിയെ സ്വയം മാനസികമായി തകര്‍ക്കാന്‍ ഇത് വഴി സാധിക്കുന്നു. ഇങ്ങനെ സജ്ജീകരിച്ച ഒരു അടച്ച മുറിയില്‍ ഒരു വ്യക്തിയെ മാസങ്ങളോ , വര്‍ഷങ്ങളോ താമസിപ്പിക്കും. ഇങ്ങനെ കഴിയുന്നതിലൂടെ ഒരാള്‍ സ്വന്തം വ്യക്തിത്വം പോലും തിരിച്ചറിയാനാകാതെ മാനസികമായി തകര്‍ന്നുപോകുമെന്ന് മനശാസ്ത്ര വിദഗ്ധര്‍ വ്യക്തമാക്കുന്നു.

ഇത്തരമൊരു ശിക്ഷയിലൂടെ കടന്നു പോയിട്ടുള്ള പല ആളുകളും പറയുന്നത് ലോകത്തിലെ തന്നെ ഏറ്റവും ഭീകരമായിട്ടുള്ള ഒരു ശിക്ഷാരീതിയാണ് ഇതെന്നാണ്. അടിക്കുകയോ , മര്‍ദ്ദിക്കുകയോ , ശാരീരികമായി വേദനിപ്പിക്കുക പോലും ചെയ്യാതെയാണ് ഇത്തരമൊരു ശിക്ഷാരീതി നടക്കുന്നതെങ്കിലും അതിനേക്കാള്‍ ഒക്കെ വലിയ മാനസിക പീഡനമാണ് ഈ മുറികളില്‍ നടക്കുന്നത്. വെറുതെ ഒരു മുറിയില്‍ ആരെയും കാണാനോ , ഒന്നും കേള്‍ക്കാനോ കഴിയാതെ അടഞ്ഞു കിടക്കുക എന്നതുതന്നെ വലിയ ടോര്‍ച്ചറാണ്. അപ്പോഴാണ് മുഴുവന്‍ വെളുത്ത നിറം മാത്രം കാണാന്‍ കഴിയുന്ന ഒരു മുറി. ഒരിയ്ക്കലും വെളിച്ചം അണയാത്ത ഇരുട്ടെന്തെന്ന് പോലും അറിയാ സാധിക്കാത്ത ഇടമാണത്.

കണ്ണുകള്‍ ഇറുക്കിയടച്ചാല്‍ പോലും ഇരുട്ടറിയാന്‍ സാധിക്കാത്ത മുറി. 24 മണിക്കൂറും വെളുത്ത ബള്‍ബുകള്‍ ഈ റൂമില്‍ തെളിഞ്ഞു കൊണ്ടിരിക്കും. ഒരു പരിധിയില്‍ കൂടുതല്‍ നാള്‍ ഇത്തരം മുറികളില്‍ താമസിക്കുന്നവര്‍ക്ക് ഓര്‍മ്മ നഷ്ടപ്പെടുക പോലും ചെയ്യും. ഈ മുറികളില്‍ താമസിക്കുമ്പോള്‍ സമ്മര്‍ദ്ദം കൂടുന്ന ആളുകള്‍ ചിലപ്പോള്‍ മറ്റൊരു നിറം കാണാനായി സ്വയം മുറിവേല്‍പ്പിച്ച് ചോരയുടെ നിറമെങ്കിലും കാണാന്‍ ശ്രമിക്കാറുണ്ട്. ഈയൊരു ശിക്ഷാരീതിയുടെ അവസാനം സംഭവിക്കുക സ്വാഭാവികമായും  പ്രതി വലിയൊരു ഡിപ്രഷനിലൂടെ കടന്നുപോകും എന്നത് തന്നെയാണ്. മാനസികമായി വലിയൊരു ആഘാതം തന്നെ ഇവര്‍ക്ക് നേരിടേണ്ടി വരും. ഒരുപാട് കാലം ഇതേ മുറിയില്‍ കഴിച്ചുകൂട്ടിയാല്‍ മാനസിക അസ്വസ്ഥതകള്‍ നഷ്ടമാകും. അതുപോലെ സെന്‍സറുകള്‍ നശിച്ചു പോകാന്‍ തുടങ്ങും. കാഴ്ച, കേള്‍വി, മണം, രുചി എന്നിവ അറിയാനുള്ള കഴിവൊക്കെ നഷ്ടപ്പെട്ടുകൊണ്ടിരിക്കും.

ഓര്‍മ്മകള്‍ നഷ്ടപ്പെട്ട് തന്റെ മാതാപിതാക്കളെയോ , മക്കളെയോ , ജീവിത പങ്കാളിയെപ്പോലും തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് എത്തും. കൂടുതല്‍ കാലം കഴിയുന്നതോടെ സ്വയം ആരാണെന്ന് പോലും തിരിച്ചറിയാനാവാതെ വലിയ മാനസിക രോഗങ്ങള്‍ക്ക് അടിമയാകും.

 പ്രത്യക്ഷത്തില്‍ ഇത് വലിയ പ്രശ്‌നമില്ല എന്ന് തോന്നുമെങ്കിലും ഒരു മനുഷ്യന് ലഭിക്കാവുന്ന ഏറ്റവും മൃഗീയമായ ശിക്ഷയാണ് വൈറ്റ് റൂം ടോര്‍ച്ചറിങ്. ഇഞ്ചിഞ്ചായി കൊല്ലുക എന്നതിന്റെ വേറൊരു രീതിയെന്ന് ചുരുക്കിപ്പറയാം. മാനസികമായി എത്ര ബുദ്ധിമുട്ട് അനുഭവിച്ചാലും ഈ പ്രതികള്‍ക്ക് ചികിത്സ ലഭ്യമാക്കുകയുമില്ല.യു.എസ്, ഇറാന്‍, വെനിസ്വേല എന്നീ രാജ്യങ്ങള്‍ ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വൈറ്റ് റൂം ടോര്‍ച്ചര്‍ വ്യാപകമായി ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.ആഗോള മനുഷ്യാവകാശ സംഘടനകള്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിട്ടുള്ള ഒരു പീഡനമുറയാണ് വൈറ്റ് ടോര്‍ച്ചര്‍ എന്നും വൈറ്റ് റൂം ടോര്‍ച്ചര്‍ എന്നുമൊക്കെ അറിയപ്പെടുന്നത് .

ഈ വൈറ്റ് ടോര്‍ച്ചറിങ് റൂം എന്നതിനെ ഒന്നും മലയാളീകരിച്ചാല്‍ അതിനെ 'ശ്വേത ദണ്ഡനം' എന്ന് പറയാം.മലയാളത്തില്‍ ഇതുമായി ബന്ധപ്പെട്ട ഒരു പുസ്തകവുമിറങ്ങിയിട്ടുണ്ട്. അനീഷ് ഫ്രാന്‍സിസ് എഴുതിയ മൂന്ന് കഥകളുടെ സമാഹാരമാണ്  "ശ്വേത ദണ്ഡനം " എന്ന പുസ്തകം.

 കുറ്റാരോപിതര്‍ക്കെതിരെ പല സര്‍ക്കാരുകളും , രഹസ്യാന്വേഷണ ഏജന്‍സികളുമൊക്കെ പ്രയോഗിച്ചിട്ടുള്ള ഈ രീതി മനശാസ്ത്രപരമായ ഒരു പീഡനമുറയാണ്. ശാരീരികമായ മര്‍ദ്ദന മുറകള്‍ക്കു പകരം അതേസമയം അതിനേക്കാള്‍ പലമടങ്ങ് പ്രഹരശേഷിയുള്ളതാണ് ഈ മനശാസ്ത്ര പീഡനം.

കുറ്റാരോപിതരുടെ ഇന്ദ്രിയാനുഭവങ്ങളെ ഏറെക്കുറെ തടയുക എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. കാഴ്ച എന്ന ഇന്ദ്രിയാനുഭവത്തെ തകിടം മറിക്കാന്‍ ഉദ്ദേശിച്ചാണ് മറ്റു നിറങ്ങളുടെ കാഴ്ചാനുഭവം നിഷേധിക്കുന്നത്. അതിനാണ് വൈറ്റ് റൂമുകള്‍ ഉപയോ​ഗിക്കുന്നത്. സ്വന്തം നിഴല്‍ പോലും കാണാനാവാത്ത തരത്തില്‍ മുകളില്‍ പ്രത്യേകതരത്തിലാവും വെളിച്ചത്തിന്‍റെ വിതാരം. 

കാഴ്ച കൂടാതെ കേള്‍വി, സ്പര്‍ശം എന്നിങ്ങനെയുള്ള ഇന്ദ്രിയാനുഭവങ്ങളെയും വൈറ്റ് റൂം ടോര്‍ച്ചറില്‍ ഇല്ലായ്‍മ ചെയ്യുന്നുണ്ട്. ഏകാന്ത തടവറയിലേക്ക് മറ്റു ശബ്ദങ്ങളൊന്നും കടത്തിവിടില്ല. കുറ്റാരോപിതരുടെ കാഴ്ചയ്ക്ക് പുറത്ത് കാവലിന് ആളുണ്ടെങ്കില്‍ അവര്‍ ധരിച്ചിരിക്കുന്ന ബൂട്ട് പോലും ശബ്ദമുണ്ടാക്കാത്ത തരത്തില്‍ മാര്‍ദ്ദവമുള്ള സോള്‍ കൊണ്ട് ഡിസൈന്‍ ചെയ്യപ്പെട്ടതായിരിക്കും. സ്പര്‍ശം എന്ന അനുഭവത്തെ ഇല്ലാതാക്കാനായി ഏറെ മിനുസപ്പെടുത്തിയതായിരിക്കും മുറിയിലെ പ്രതലങ്ങള്‍.

മനുഷ്യനെ ഒരു പരീക്ഷണവസ്തുവാക്കുന്ന ഈ പീഡനമുറയില്‍ ആഴ്ചകളോ , മാസങ്ങളോ , വര്‍ഷങ്ങളോ പോലും തടവുകാരെ പാര്‍പ്പിച്ചെന്നു വരാം. അതിലൂടെ കടന്നുപോകുന്ന ഒരാള്‍ക്ക് സമാനതകളില്ലാത്ത പീഡാനുഭവമാണ് ഉണ്ടാവുന്നത്. പ്രഭാതമോ , പ്രദോഷമോ എന്ന് അറിയാന്‍ പറ്റാത്ത, ദിവസത്തിലെ സമയമേതെന്ന് അറിയാനാവാത്ത, ഇന്ദ്രിയബോധങ്ങള്‍ നിലച്ചുപോകുന്നതിനാല്‍ താന്‍ ആരെന്നത് പോലും മറന്നുപോകുന്ന ഒരു ഭീകരാവസ്ഥ. കുറ്റവാളികള്‍ ഈ അവസ്ഥയില്‍ എത്തുന്നതോടെ തങ്ങളുടെ ഇച്ഛയ്ക്കനുസരിച്ച് കുറ്റസമ്മതം നടത്തിക്കാം എന്നതാണ് ഈ പീഡനമുറയുടെ പ്രയോക്താക്കള്‍ ലക്ഷ്യമാക്കുന്നത്.

പില്‍ക്കാലത്ത് സ്വതന്ത്രരായാലും വൈറ്റ് റൂം ടോര്‍ച്ചര്‍ ഏല്‍പ്പിച്ച മാനസികാഘാതത്തില്‍ നിന്ന് ഒരു മനുഷ്യന് പുറത്തുകടക്കുക പ്രയാസമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള സംഭവങ്ങളില്‍ നിന്ന് മനുഷ്യാവകാശ സംഘടനകള്‍ നിരീക്ഷിച്ചിട്ടുള്ളത്. 

ഒരുപാട് വിദേശ ഭാഷ ചിത്രങ്ങളില്‍ വൈറ്റ് റൂം ടോർച്ചർ ഉള്‍പ്പെടുത്തിയിരിക്കുന്നത് നമുക്ക് കാണാന്‍ സാധിക്കും. ഈയൊരു കണ്‍സെപ്റ്റ് മലയാള സിനിമയിലങ്ങനെ കണ്ടിട്ടില്ല. മലയാളത്തിലെന്നല്ല, ഇന്ത്യന്‍ സിനിമകളില്‍ ഇത്തരമൊരു കണ്‍സെപ്റ്റ് കാണാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ സംശയമാണ്.മമ്മൂട്ടിയുടെ പുതിയ ചിത്രമായ  'റോഷാക്ക്' ട്രെയ്‍ലറിലെ സൂചന 'വൈറ്റ് റൂം ടോര്‍ച്ചറി'ന്‍റേതാണ് .അമേരിക്കന്‍ ആക്ഷന്‍ സീരീസായ 'ദി ബ്രേവ്' വൈറ്റ് റൂം ടോര്‍ച്ചറിന്‍റെ ഭീകരത ഒരു എപ്പിസോഡില്‍ കാണിക്കുന്നുണ്ട്.

2004 -ൽ പുറത്തുവിട്ട ഇറാനിൽ വെച്ച് നടന്നെന്ന് രേഖപ്പെടുത്തിയിട്ടുള്ള ആദ്യ വൈറ്റ് റൂം പീഡനത്തെ കുറിച്ചുള്ള റിപ്പോർട്ടിൽ, റെവലൂഷണറി ഗാർഡ്‌ അമീർ ഫഖ്‌രാവർ ഇതിനിരയായതായി ആംനസ്റ്റി ഇന്റർനാഷണൽ രേഖപ്പെടുത്തിയിട്ടുണ്ട്. തന്റെ ജയിലറക്ക് ജനലുകളും , ചുമരുകളും ഇല്ലായിരുന്നു എന്ന് അമീർ ഫഖ്‌രാവർ തന്നെ വ്യക്തമാക്കിയിരുന്നു. വസ്ത്രങ്ങളെല്ലാം വെളുത്ത നിറമുള്ളവയായിരുന്നു . ഭക്ഷണമായി നൽകിയിരുന്നത് വെള്ള പ്ലേറ്റുകളിൽ വെള്ള ചോറ് ആയിയിരുന്നു. ടോയ്‌ലറ്റ് ഉപയോഗിക്കുന്നതിനായി ഒരു വെള്ള കടലാസ് വാതിലിനടിയിൽ വെയ്ക്കേണ്ടി വരുമായിരുന്നു . സംസാരിക്കാൻ വിലക്കുണ്ടായിരുന്നു എന്നും അമീർ അന്ന് പറഞ്ഞു.

ഹ്യൂമൻ റൈറ്റ്‌സ് വാച്ചിന് നൽകിയ ഒരു ടെലിഫോൺ കോളിൽ ഇറാനിയൻ പത്രപ്രവർത്തകൻ ഇബ്രാഹിം നബവി പറഞ്ഞ വാക്കുകളും ശ്രദ്ധേയമാണ്. 'നിങ്ങൾ സ്വതന്ത്രനായി വളരെക്കാലം കഴിഞ്ഞാൽ പോലും, വൈറ്റ് റൂം അടിച്ചേൽപ്പിക്കുന്ന ഏകാന്തത നിങ്ങളെ വിട്ടു പോകില്ല' എന്നാണ് ഇബ്രാഹിം നബവി വ്യക്തമാക്കിയത്. വൈറ്റ് ടോർച്ചർ രീതിയിൽ തടവുപുള്ളികളുടെ കുടുംബത്തെക്കുറിച്ചും , സുഹൃത്തുക്കളെക്കുറിച്ചും വ്യാജമായ കാര്യങ്ങൾ പറയുകയും, അങ്ങനെ മാനസികമായി തളർത്തി അവരുടെ മേലുള്ള നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യും. ശാരീരികമായി ദ്രോഹിക്കാതെ തന്നെ തങ്ങൾക്ക് ആവശ്യമുള്ളത് അവർ നേടും. അങ്ങനെ ശാരീരികമായ ഉപദ്രവമൊന്നുമില്ലാത്ത കുറ്റസമ്മതം നടത്തും.

ശാസ്ത്രീയമായി പറയുകയാണെങ്കിൽ കാഴ്ച്ച, കേൾവി, സ്പർശനം, ഗന്ധം, രുചി എന്നീ പഞ്ചേന്ദ്രിയങ്ങൾക്ക് പുറമെ ഇക്വിലിബ്രിയോസെപ്ഷൻ, തെർമോസെപ്ഷൻ, പ്രൊപ്രിയോസെപ്ഷൻ എന്നിങ്ങനെ തിരിച്ചറിയപ്പെട്ടിട്ടുള്ള വേറെയും ചില പ്രധാനപ്പെട്ട സെന്‍സുകള്‍ മനുഷ്യ ശരീരത്തിന് ഉണ്ട്. ഒറ്റത്തടി പാലത്തിലൂടെയൊക്കെ പോകുമ്പോൾ ശരീരത്തിന്റെ ബാലൻസ് സൂക്ഷിക്കുന്ന ഒരുതരം ബോധമാണ് ഇക്വിലിബ്രിയോസെപ്ഷൻ. ചൂടും തണുപ്പുമൊക്കെ തിരിച്ചറിയാൻ സാധിക്കുന്ന ഒരു ബോധമാണ് തെർമോസെപ്ഷൻ. പ്രൊപ്രിയോസെപ്ഷൻ എന്നാൽ ഏതിരുട്ടത്തും കൈയിലെ ഭക്ഷണം വായിലേക്ക് തന്നെ കൊണ്ടു പോകുന്ന, ദാഹം തോന്നിക്കുന്ന, മൂത്രമൊഴിക്കാനും വിസ്സർജ്ജിക്കാനും തോന്നിക്കുന്ന ബോധമാണ്. ഒരു മനുഷ്യന് നൽകാവുന്ന ഏറ്റവും വലിയ ശിക്ഷ അയാളെ ഏകാന്തതടവിന് വിധിക്കുന്നതാണെന്നാണ് പരിഷ്‌കൃത സമൂഹം പറയുന്നത്. പഞ്ചേന്ദ്രിയങ്ങളെ, അവയുടെ അനുഭവങ്ങളെ മനപൂർവ്വം നിഷേധിക്കുന്നതാണ് മനുഷ്യന് കൂടുതൽ മാനസിക പീഡനം നൽകുക എന്നത് വൈറ്റ് റൂം ടോർച്ചർ എന്ന പീഡനമുറയിലൂടെ വ്യക്തമാകുന്നു.


No comments:

Post a Comment